Gulf Saudi arabia

റിയാദ് പുസ്തക മേളയിൽ എത്തിയത് 1 ദശലക്ഷത്തിലധികം സന്ദർശകർ

റിയാദ്: 10 ദിവസം നീണ്ടു നിന്ന റിയാദ് രാജ്യാന്തര പുസ്തകമേള സമാപിച്ചു.
പുസ്തകോത്സവത്തിലെ വിൽപ്പന 28 ദശലക്ഷം റിയാൽ കവിഞ്ഞതായി ലിറ്ററേച്ചർ, പബ്ലിഷിങ് , ട്രാൻസ്ലേഷൻ കമ്മീഷൻ സിഇഒ ഡോ. മുഹമ്മദ് അൽവാൻ പറഞ്ഞു. മേളയിൽ എത്തിയത് എത്തിയത് 1 ദശലക്ഷത്തിലധികം സന്ദർശകർ.

സെപ്തംബർ 26ന് ആരംഭിച്ച മേളയിൽ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം സൗദി, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും തങ്ങളുടെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.

കിങ് സൗദ് യൂണിവേഴ്‌സിറ്റിയിലെ 800 പവലിയനുകളിലായി വ്യാപിച്ചുകിടക്കുന്ന മേളയിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 200-ലധികം പരിപാടികൾ നടന്നിരുന്നു.

“റിയാദ് വായിക്കുന്നു” എന്ന ശീർഷകത്തിൽ നടന്ന പുസ്തകോത്സവത്തിൽ സൗദി അറേബ്യക്കകത്തും പുറത്തും നിന്നുള്ള നിരവധി എഴുത്തുകാരും ചിന്തകരും ബുദ്ധിജീവികളും പുസ്തക പ്രേമികളും പങ്കെടുത്തു.

ഈ വർഷത്തെ പുസ്തക മേളയിൽ സന്ദർശകരിൽ നിന്ന് വൻ പങ്കാളിത്തമാണ് ഉണ്ടായതെന്നും അറബ് രാജ്യങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള സർഗ്ഗാത്മക വ്യക്തികളുടെ സൃഷ്ടികൾ സന്ദർശകർക്ക് മനസിലാക്കാൻ വിലപ്പെട്ട അവസരമാണ് ഇത് പ്രദാനം ചെയ്തതെന്നും അറിവിൻ്റെയും ചിന്തയുടെയും ലോകങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള സുപ്രധാന വാതായനങ്ങൾ തുറന്നിട്ടിട്ടുണ്ടെന്നും അൽവാൻ പറഞ്ഞു.

അച്ചടി വിപണിയെയും അറബ് പ്രസിദ്ധീകരണ പ്രസ്ഥാനത്തെയും പുനരുജ്ജീവിപ്പിക്കാൻ പ്രദർശനം സഹായിച്ചു. സൗദി പ്രസാധകരുടെ കഴിവുകളും മത്സരശേഷിയും വർധിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട ചിന്തകരുടെയും എഴുത്തുകാരുടെയും സർഗ്ഗാത്മകതയ്ക്കുള്ള ഒരു വേദിയായി ഇത് മാറി- അദ്ദേഹം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം, സംസ്കാരത്തിലും പ്രസിദ്ധീകരണ വ്യവസായത്തിലും അതിൻ്റെ നേതൃത്വം, സാംസ്കാരിക സർഗ്ഗാത്മകതയ്ക്കുള്ള പിന്തുണ എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രമുഖ വാർഷിക സാംസ്കാരിക ബൗദ്ധിക പരിപാടിയായി ഇത് മാറിയിരിക്കുന്നു.

LEAVE A RESPONSE

Your email address will not be published. Required fields are marked *