സൗദിയിൽ നിർമിച്ച ആദ്യത്തെ ‘ഡ്രോണ്‍ ’ പറന്നു
ബുറൈദ: സൗദിയിൽ നിർമിച്ച ആദ്യത്തെ ‘ഡ്രോണ്‍ ’ പറന്നു. ബുറൈദയിലെ യുനൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ‘അൽ അരീദ്’ എന്ന ഡ്രോണിന്റെ ഉദ്ഘാടന പറത്തൽ ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിശ്അലാണ് നിർവഹിച്ചത്.
ബുറൈദയിലെ രണ്ടാം വ്യവസായ നഗരത്തിലെ ഡ്രോൺ ഫാക്ടറി ആസ്ഥാനത്തിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സൈനിക, പ്രതിരോധ, സുരക്ഷ വ്യവസായങ്ങളിൽ വൈദഗ്ധ്യമുള്ള ഖുദ്റ ഹോൾഡിങ് ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളിലൊന്നാണ് ഇത്.
പ്രദേശത്ത് ഡ്രോണുകൾ നിർമിക്കുന്ന ഫാക്ടറി കണ്ടതിൽ അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് സൈനിക നിർമാണം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശിയുടെ നിർദേശങ്ങളുടെ ഫലമാണിത്. അത്തരം വികസിത വ്യവസായങ്ങൾക്ക് അദ്ദേഹമാണ് റോഡ് മാപ്പ് വരച്ചത്.
‘വിഷൻ 2030’ അനുസരിച്ച്, സൈനിക വ്യവസായവൽകരണത്തിന്റെ തോത് ഉയർത്തുക, സൈനിക വ്യവസായങ്ങൾ സ്വദേശിവത്കരിക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയെക്കുറിച്ചുള്ള കിരീടാവകാശിയുടെ അഭിലാഷം ഉദ്ഘാടനത്തോടൊപ്പമുള്ള ദൃശ്യാവതരണത്തിലും വാക്കുകളിലും കാണുകയും കേൾക്കുകയും ചെയ്തു.
ഫാക്ടറിയിലെ യുവ സൗദി എൻജിനീയർമാരും മാനേജർമാരും അഭിമാനമാണെന്നും ഗവർണർ പറഞ്ഞു. ഉദ്ഘാടന ശേഷം ഫാക്ടറിയുടെ ഉയർന്ന സജ്ജീകരണങ്ങളും ദേശീയ കൈകളാൽ ഡ്രോണുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയും ഗവർണർ കണ്ടു.