പെൺമക്കളെ കൊലപ്പെടുത്തി വിഷം കഴിച്ച് പിതാവ്
ഡൽഹിയിൽ നാല് പെൺമക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി പിതാവ്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വിഷം കഴിക്കുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഹീരാലാൽ ശർമ (46), മക്കളായ നീതു (26), നിക്കി (24), നീരു (23), നിധി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺമക്കളിൽ രണ്ട് പേർ ഭിന്നശേഷിക്കാരായിരുന്നെന്ന് പൊലീസ് പറയുന്നു.
ഡൽഹി രംഗ്പുരിയിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ ഉടമയാണ് വിവരം ആദ്യം അറിയുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉടമ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൻ്റെ വാതിലിൽ മുട്ടുകയായിരുന്നു. സെപ്തംബർ 24നാണ് ഇവരെ അവസാനമായി കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. പിന്നാലെ കെട്ടിടത്തിൻ്റെ ഉടമ പൊലീസിൽ വിഷയം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെയാണ് പൊലീസ് വാതിൽ തുറന്നത്. രണ്ട് മുറികളിലായാണ് മൃതദേഹങ്ങൾ കിടന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ വീട്ടിൽ നിന്ന് മൂന്ന് പാക്കറ്റ് വിഷം, അഞ്ച് ഗ്ലാസുകൾ, ഒരു പ്രത്യേക ദ്രാവകം അടങ്ങിയ ഒരു സ്പൂൺ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പെൺമക്കളുടെ അരയിലും കഴുത്തിലും ചുവന്ന നൂൽ കെട്ടിയിരുന്നു.
അയൽവാസികളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുത്തപ്പോൾ ഹീരാലാൽ ശർമയുടെ ഭാര്യ ഒരു വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചതായി പൊലീസ് കണ്ടെത്തി. ഭാര്യയുടെ മരണശേഷം ഇയാൾ കുടുംബകാര്യങ്ങളിൽ താൽപര്യം കാണിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.