സൗദിയിൽ വിമാനത്താവളത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
ദമാം: സൗദിയിൽ വിമാനത്താവളത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശി ഹബീബിനെയാണ് ദമാം വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഹബീബിനെ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഹൗസ് ഡ്രൈവറായ ഹബീബിനെ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നതിന് സ്‌പോൺസർ വിമാനത്താവളത്തിൽ കൊണ്ട് വിട്ടു. എന്നാൽ വിമാനത്തിൽ യാത്ര ചെയ്യാതെ പുറത്തിറങ്ങിയ ഹബീബ് വിമാനത്താവള പരിസരത്ത് തന്നെ തങ്ങുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയതെന്നാണ് പറയുന്നത്. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച എയർപോർട്ട് പൊലീസ് ശുചിമുറിയിൽ നിന്നാണ് ഒടുവിൽ ഹബീബിനെ കണ്ടെത്തിയത്.