സൗദിയിൽ മൂന്ന് മാസത്തെ മദ്ധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് നൽകിയിരുന്ന മൂന്ന് മാസത്തെ മദ്ധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ ഏകോപനത്തോടെ ജൂൺ 15 മുതൽ മൂന്ന് മാസ കാലയളവിൽ ഉച്ചയ്ക്ക് 12:00 മുതൽ 3:00 വരെ പുറം ജോലി നിരോധനം മന്ത്രാലയം നടപ്പാക്കിയിരുന്നു.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും തൊഴിൽപരമായ സുരക്ഷയ്ക്ക് അനുസൃതമായി അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായാണ് നിയമം നടപ്പിലാക്കിയത്.
തൊഴിൽ സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ദേശീയ കൗൺസിലുമായി ഏകോപിപ്പിച്ച്, തൊഴിൽ സമയം ക്രമീകരിക്കാനും തൊഴിൽപരമായ പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.