അബുദാബി: കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ കുടുങ്ങി ഒട്ടേറെ മലയാളികൾ. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. എന്നാൽ വീസ കാലാവധി തീർന്നവരും ജോലി ഇല്ലാത്തവരുമായ ഇവർക്ക് കുടിശിക അടയ്ക്കാൻ മാർഗമില്ല.
ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന് ദുബായുടെ കാരുണ്യ പദ്ധതി (യാദ് അൽ ഖൈർ) മറ്റു എമിറേറ്റുകളിൽ കൂടി ആരംഭിക്കണമെന്ന് ഇവർ അഭ്യർഥിച്ചു. കെട്ടിട വാടക തർക്കത്തിൽ അകപ്പെട്ടവരെ സഹായിക്കുന്ന ദുബായുടെ പദ്ധതിയാണ് യാദ് അൽ ഖൈർ. സംഭാവന സ്വീകരിച്ചാണ് നിർധനരുടെ കുടിശിക തീർത്ത് നാട്ടിൽ പോകാൻ അവസരമൊരുക്കുന്നത്.
ഓരോ കേസുകളും പരിശോധിച്ച് അർഹരായവരെ കണ്ടെത്തിയാണ് കുടിശിക തീർക്കുന്നത്. കുടിശിക തീർക്കുന്നതോടെ കേസ് പിൻവലിക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്യും. ഇതോടെ രേഖകൾ ശരിയാക്കി നാട്ടിലേക്കു മടങ്ങാം. ഇതിന് അവസരം ലഭിച്ചില്ലെങ്കിൽ പൊതുമാപ്പ് കഴിഞ്ഞാലും നിയമലംഘകർക്ക് യുഎഇയിൽ തുടരേണ്ടിവരും.
യഥാർഥത്തിൽ അടയ്ക്കാനുള്ളതിന്റെ അഞ്ചും പത്തും ഇരട്ടി തുക ചേർത്താണ് പല കെട്ടിട ഉടമകളും കേസ് കൊടുത്തിരിക്കുന്നതെന്ന് വാടകക്കാർ പറയുന്നു.