Kerala

പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി.വി അൻവർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി.വി അൻവർ എംഎൽഎ. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് പി. ശശിയും അജിത് കുമാറുമാണെന്ന് പി.വി അൻവർ ആരോപിച്ചു.

ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രിക്ക് മുമ്പിലുള്ള ബാരി​ക്കേഡിൽ തട്ടി താഴേക്ക് പോവുകയാണ്. മുഖ്യമന്ത്രി വിശ്വസിച്ചവരെ അവർ ചതിച്ചു. മുഖ്യമന്ത്രിക്ക് ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നാണ് പ്രതീക്ഷ. പൊലീസിലെ ആർഎസ്എസ് സംഘം സർക്കാറിനെ പ്രതിസന്ധിയിലാക്കുകയാണ്.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനെതുടർന്ന് അദ്ദേഹത്തിന്റെ ആശ്രമം കത്തിക്കുകയുണ്ടായി. ഈ കേസിൽ പ്രതികളെ രക്ഷപ്പെടാൻ പൊലീസ് നീക്കം നടത്തിയെന്നും പി.വി അൻവർ ആരോപിച്ചു.

സന്ദീപാനന്ദ ഗിരി തന്നെയാണ് കത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കൽ കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവമാണെന്നും പി.വി അൻവർ പറഞ്ഞു.

ആശ്രമം കത്തിച്ചത് ആർഎസ്എസ് ആണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല. ആത്‍മഹത്യ ചെയ്‌ത ആർഎസ്എസ് പ്രവര്ത്തകന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് തന്നെയാണെന്ന സഹോദരന്റെ പരാതിയും ​പൊലീസ് അവഗണിച്ചു. കേസ് എഴുതിത്തള്ളി. അനിയൻ കൂടി ചേർന്നാണ് സന്ദീപനാന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് സഹോദരൻ വെളിപ്പെടുത്തിയതാണ്.

എന്നാൽ, ആർഎസ്എസി​നെതിരെ അന്വേഷിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരുടെ ഫോൺ സംഭാഷണമാണ് പൊലീസ് പരിശോധിച്ചത്. ആശ്രമത്തിലെ അന്തേവാസികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ആശ്രമം കത്തിക്കൽ കേസിൽ ഐ.പി ബിനു, കാരായി രാജൻ എന്നിവരെ കുടുക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

LEAVE A RESPONSE

Your email address will not be published. Required fields are marked *