Kerala

സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരും; എസ്. ശശിധരൻ

മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ. ഒരു കൊല്ലത്തിൽത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുൻപെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

2008-ൽ മലപ്പുറത്ത് അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ്. ശശിധരൻ 2023 നവംബർ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദത്തിൽപ്പെട്ട എസ്. സുജിത്ദാസ് സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു അത്. എസ്.പി.യായി ചുമതലയേറ്റതുമുതൽ ശശിധരൻ ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി.

കഴിഞ്ഞവർഷം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ അദ്ദേഹത്തെ കടുത്തഭാഷയിൽ വിമർശിച്ചു. കേസുകളുടെ എണ്ണംകൂട്ടാൻ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നായിരുന്നു ആരോപണം.

ഈവർഷത്തെ പോലീസ് അസോസിയേഷൻ ഉദ്ഘാടനച്ചടങ്ങിൽ പി.വി. അൻവർ എം.എൽ.എ.യും ശശിധരനെ വേദിയിലിരുത്തി അവഹേളിച്ചു. അദ്ദേഹവും കേസുകളുടെ എണ്ണത്തിൽത്തന്നെയാണ് ഊന്നിയത്. സുജിത്ദാസിന്റെ കാലത്തുനടന്ന ഒരു കയർമോഷണത്തിന്റെ പ്രതികളെ പിടികൂടിയില്ലെന്ന ആരോപണവും അൻവർ ഉന്നയിച്ചു.

സുജിത് ദാസിന്റെ കാലത്ത് ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണംകൂട്ടാൻ കർശനനിർദേശം നൽകിയതിന്റെ പേരിൽ പോലീസുകാർ ജനങ്ങളോട് വേട്ടക്കാരെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് വലിയ ആരോപണമുണ്ടായിരുന്നു.

മുസ്‌ലിംലീഗ് പലതവണ ഇതിനെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു. ശശിധരനും പഴയ കണക്കിനെ മറികടക്കാൻ ശ്രമിക്കുന്നുവെന്ന് പോലീസുകാരിൽനിന്നുതന്നെ പരാതിയുയർന്നു. അതുകൊണ്ടുതന്നെ അൻവറിന്റെ അധിക്ഷേപത്തിൽ പോലീസുകാർ ഉള്ളുകൊണ്ട് സന്തോഷിക്കുകയാണു ചെയ്തത്. .

കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ. ഗവർണർക്കെതിരേ നടത്തിയ പ്രക്ഷോഭത്തിൽ സർവകലാശാലയ്ക്കുള്ളിൽ ബാനർ കെട്ടിയതിൽ ഗവർണർ കടുത്തഭാഷയിൽ എസ്.പി.യെ ശകാരിച്ചത് വാർത്തയായിരുന്നു. ഈ സംഭവത്തിൽ എസ്.പി.ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും പഴികേട്ടത് അദ്ദേഹമായിരുന്നു.

LEAVE A RESPONSE

Your email address will not be published. Required fields are marked *