Kerala

ബസും കാറും കൂട്ടിയിടിച്ചു; ഉരുൾപൊട്ടലിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് പരുക്ക്

വയനാട് വെള്ളാരംകുന്നിൽ വാഹനാപകടം. സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്. അപകടത്തിൽ ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് പരുക്ക്. ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും അകപടത്തിൽ പരുക്കേറ്റു. ജെൻസണെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മുണ്ടക്കെയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. കല്‍പ്പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പ്രതിശ്രുത വരൻ ജെന്‍സന്റെ കൂട്ടാണുള്ളത്.

പത്ത് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ഒടുവില്‍ വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ ഒരു മാസം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞു. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.എന്നാല്‍ ഒരു മാസത്തിനുശേഷം ഉരുള്‍ പൊട്ടല്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചു. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും നഷ്ടപ്പെട്ടു.

സെപ്റ്റംബറിലായിരുന്നു ശ്രുതിയുടേയും ജെന്‍സന്റേയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ശ്രുതിയെ ചെറിയൊരു ചടങ്ങോട് കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണ് ജെന്‍സന്റെ തീരുമാനം.

LEAVE A RESPONSE

Your email address will not be published. Required fields are marked *