ടെക്സസ്: അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് അമേരിക്കയിൽ കാർ അപകടത്തിൽ വെന്തുമരിച്ച ആ നാല് ഇന്ത്യക്കാർ ഇവരാണ്. ടാക്സി ഷെയർ സംവിധാനമായ കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവരാണ് വെള്ളിയാഴ്ച അപകടത്തിൽപെട്ടത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈദരാബാദ് നിവാസിയായ ആര്യൻ രഘുനാഥ് ഒരമ്പട്ടിക്ക് സംഗീതം, യാത്രകൾ, സ്പോർട്സ് എന്നിവ ഇഷ്ടമായിരുന്നു. തമിഴ്‌നാട്ടിലെ അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, കമ്യൂണിക്കേഷൻസ് എൻജിനീയറിങ്ങിൽ ബിരുദവും ഡാളസിലെ ടെക്‌സസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പിതാവ് സുഭാഷ് ചന്ദ്ര റെഡി ഹൈദരാബാദ് ആസ്ഥാനമായ മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. ഒരു വർഷത്തിലേറെയായി ഒറമ്പട്ടി ഇന്ത്യയിലെ മാക്സ് അഗ്രി-ജെനറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ അക്കൗണ്ടിംഗ് ഇന്റേൺ ആയി ജോലി ചെയ്തു. ഡാളസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ദുരന്തം.
ഫാറൂഖ് ശൈഖ്
ഹൈദരാബാദ് സ്വദേശിയായ ഫാറൂഖ് ശൈഖ് സുഹൃത്തിനെ കാണാൻ ബെൻറൺ വില്ലിലേക്ക് പോകുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. എം.എസ് ബിരുദത്തിന് മൂന്ന് വർഷം മുമ്പാണ് അദ്ദേഹം യു.എസിലേക്ക് പോയത്. പിതാവ് മസ്താൻ വലി വിരമിച്ച സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.
ലോകേഷ് പാലച്ചർള
ആന്ധ്രാപ്രദേശിൽ നിന്നുള്ള ലോകേഷ് പാലച്ചാർള ടെക്സസിലെ അലനിലെ ബാങ്ക് ഓഫ് അമേരിക്കയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയെ കാണാൻ ബെൻറൺവില്ലിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
നോർത്ത് ഈസ്‌റ്റേൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫോർമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ടെക് മഹീന്ദ്രയിൽ ജോലി ചെയ്തു. അതിനുമുമ്പ് ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലുള്ള ബ്രെയിൻവിറ്റ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു.
ദർശിനി വാസുദേവൻ
യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി യു.എസിൽ ജോലി ചെയ്യുകയായിരുന്നു ദർശിനി വാസുദേവൻ. അർക്കൻസാസിലെ ബെന്റൺവില്ലിലുള്ള അമ്മാവനെ സന്ദർശിക്കാൻ പോകുകയായിരുന്നു അവർ.