ചെന്നൈ: തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ക്ക് ദാരുണാന്ത്യം. ജാഫര്‍ഖാന്‍പേട്ടിലെ അണ്ണൈസത്യ നഗറിലാണ് സംഭവം. മദ്യലഹരിയിൽ റോഡില്‍ കിടക്കുകയായിരുന്ന 55കാരനായ മഞ്ജന്റെ ദേഹത്തേക്കാണ് രേഖയുടെ വാഹനം പാഞ്ഞുകയറിയത്. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
പരുക്കേറ്റ മഞ്ജനെ നാട്ടുകാര്‍ ആദ്യം കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് റായ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവേയായിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ബിയറിന് മുപ്പത് രൂപ വരെ വർധിക്കും; പ്രീമിയം ലിക്വറുകൾക്ക് വില കുറയും, തീരുമാനവുമായി കര്‍ണാട സർക്കാർ
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഗിണ്ടി ട്രാഫിക് പൊലീസ് സിസിടിവി ഫൂട്ടേജുകള്‍ ശേഖരിച്ചു. ഫൂട്ടേജുകളില്‍ നിന്ന് ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലാണ് രേഖ നായരുടെ കാറാണെന്ന് കണ്ടെത്തിയത്.
പിന്നാലെ ഡ്രൈവര്‍ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ രേഖ കാറിലുണ്ടായിരുന്നോ, ആ സമയം വാഹനമോടിച്ചത് പാണ്ടിയാണോയെന്നും അന്വേഷിക്കുകയാണ് പൊലീസ്.
തമിഴില്‍ നായകര്‍, വംസം, പകല്‍ നിലാവ്, ആണ്ടാള്‍ അയഗാര്‍, നാം ഇരുവര്‍ നാട് ഇരുവര്‍, ബാല ഗണപതി തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തയാണ് രേഖ. നിരവധി സിനിമകളിലും വേഷമിട്ട രേഖ ചാനല്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.