Kerala

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അങ്കത്തിന് ഒരുങ്ങി മുന്നണികള്‍; രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടാന്‍ യുഡിഎഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അങ്കത്തിന് ഒരുങ്ങി മുന്നണികള്‍. സിപിഐയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയോടെ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ യുഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു.

സിപിഐ വനിത സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയാണെങ്കില്‍ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ പീരുമേട് എംഎല്‍എയും ആയ ഇ എസ് ബിജിമോള്‍ക്കാകും സാധ്യത. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. വനിത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ശോഭാ സുരേന്ദ്രന്റെ പേരും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ച് എ പി അബ്ദുള്ള കുട്ടിയുടെ പേരും ഒപ്പം എം ടി രമേശിന്റെ പേരുമാണ് നിലവില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് അയച്ചിരിക്കുന്നത്.

രാഹുല്‍ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് വയനാട് സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം വിജയിച്ചശേഷം വയനാടിനെ കയ്യൊഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നിലപാട് ഈ തിരഞ്ഞെടുപ്പില്‍ സിപിഐ ആയുധമാക്കും.

കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 13നാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. 23ന് വോട്ടെണ്ണലും നടക്കും. തീയതി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A RESPONSE

Your email address will not be published. Required fields are marked *