പൂരം കലക്കലിൽ തുടരന്വേഷണത്തിന് നിർദേശം; എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി
തൃശൂർ: പൂരം കലക്കലിൽ തുടരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയാണ് സംസ്ഥാന സർക്കാറിന്റെ നിർദേശം. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
പൂരം കലക്കലിൽ എ.ഡി.ജി.പിക്കെതിരെ ഡി.ജി.പി ഉന്നയിച്ച കാര്യങ്ങളിലും അന്വേഷണം നടത്തും. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന മുഖ്യമന്ത്രി നൽകിയിരുന്നു.
പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടത്.