Kerala

ആരോപണങ്ങളിൽ നടപടിയെടുത്തിട്ടും വീണ്ടും പ്രതികരണങ്ങളുമായി വരുന്നത് ശരിയല്ല; വിജയരാഘവൻ

തൃശൂർ: പാർട്ടി തള്ളി പറഞ്ഞതിനു പിന്നാലെ പി.വി അൻവർ എംഎൽഎക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എ. വിജയരാഘവനും രം​ഗത്ത്. അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ലെന്നാണ് വിജയരാഘവന്റെ നിലപാട്.

ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ നിരന്തരമായി ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്നത് ഇടതുപക്ഷത്തിന്റെ പൊതു മുന്നേറ്റത്തെ ദുർബലപ്പെടുത്തുമെന്നും അൻവർ സ്വീകരിച്ച നിലപാട് പൊതുവേ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പ്രതിപക്ഷവും ഇടതുവിരുദ്ധ നിലപാടും ഉള്ളവരാണ്. അതിന് സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവറിന്റേത് അത്തരം സമീപനമാണ്. സമീപകാലങ്ങളിൽ അൻവർ നടത്തിയ പ്രതികരണങ്ങൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാവുന്നവയാണ്. അത് ശരിയല്ല. വിജയരാഘവൻ പറഞ്ഞു.

‌മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയ ശേഷം വീണ്ടും പ്രതികരണവുമായി വന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അൻവർ മാറ്റത്തിന് വിധേയമായി സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A RESPONSE

Your email address will not be published. Required fields are marked *