Kerala

മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്; പി വി അൻവർ

മലപ്പുറം: പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നു പി.വി. അൻവർ എംഎൽഎ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒട്ടനവധി സത്യസന്ധരുണ്ട്.

നല്ല രീതിയിൽ ഐക്യമുള്ള ഓഫിസർമാരുമുണ്ട്. രാജ്യത്തിന് ആകെ മാതൃകയാണ് കേരളത്തിലെ പൊലീസ്. അവരുടെ മനോവീര്യം വലിയ രീതിയിൽ ഉയരുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് മനസിലാക്കേണ്ടതാണ്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

‘‘സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും’’– അൻവർ പറഞ്ഞു.

‘‘തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കണം. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാൽ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. ഇത് പച്ചയായി കൊണ്ടോട്ടി അങ്ങാടിയിലെ ടാക്സിക്കാർക്കും ഓട്ടോറിക്ഷക്കാർക്കും കടല വറക്കുന്നവർക്കും അറിയാം. ഞാൻ തെളിവ് കൊടുക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ എഡിജിപിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല’’ – അൻവർ പറഞ്ഞു.

LEAVE A RESPONSE

Your email address will not be published. Required fields are marked *