പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയും എം. ആർ. അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.
മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. പ്രാഥമിക പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. മലപ്പുറം എസ്പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.
ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്നും ഇതിന് പിന്നിൽ പി. ശശിയുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായും പി.വി. അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡിജിപി തിരുവന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പോലുള്ള വീട് പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അൻവർ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലാണ് വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം.