കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; 16കാരന് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം
മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായി പ്ലസ് വണ്‍ വിദ്യാര്‍ഥി. ഇരുമ്പ് ചങ്ങല ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റു. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 10 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ 16കാരന് നേരെയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം. ഷര്‍ട്ടിൻ്റെ ബട്ടണ്‍ ഇട്ടിട്ടില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥി റാഗ് ചെയ്തിരുന്നു. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് മുമ്പാകെ പ്ലസ് വൺ വിദ്യാര്‍ഥി പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് സീനിയര്‍ വിദ്യാര്‍ഥി കൂട്ടുകാർക്കൊപ്പം പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കുകയായിരുന്നു.
സ്കൂളിലേക്ക് പോകും വഴി തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥി പൊലീസില്‍ മൊഴി നല്‍കി. റോഡരികിലെ ചാലിലേക്ക് തള്ളിയിട്ട വിദ്യാര്‍ഥിയെ പട്ടികകൊണ്ടും ചങ്ങലകൊണ്ടുമാണ് ആക്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്. കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാരതീയ ന്യായ സംഹിത നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് 10 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.