ഫുജൈറ: സൈക്കിളിൽ വാഹനമിടിച്ച് ഫുജൈറയിൽ 12 വയസ്സുകാരൻ മരിച്ചു. ഇന്നലെ വൈകിട്ട് ഫുജൈറ അൽ ഫസീൽ ഏരിയയിലാണ് സംഭവം. ഗുരുതര പരുക്കേറ്റ സ്വദേശി ബാലനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഫൈസിലിൽ വെച്ച് കുട്ടിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവറെ അപകട സ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ മാസം ദുബായ് ഹൈവേയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർഥി മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ ഷാർജയിൽ വാഹനമിടിച്ച് 12 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടിരുന്നു. കുട്ടി ട്രാഫിക് സിഗ്നലിൽ റോഡിന് കുറുകെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.