ത്രിദിന ആഗോള ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ഉച്ചകോടിക്ക് സമാപനം.
റിയാദ്: സൗദി അറേബ്യ സംഘടിപ്പിച്ച ത്രിദിന ആഗോള ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (ഗെയിന്‍) ഉച്ചകോടിക്ക് സമാപനം. റിയാദ് കിംഗ് അബ്ദുല്‍ അസീസ് കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും സൗദി അറേബ്യയുടെ വ്യത്യസ്ത പ്രവശ്യകളില്‍നിന്നും വിദഗ്ദ്ധരും സംരംഭകരും വിദ്യാര്‍ഥികളും പങ്കെടുത്തു. 2020-ലും 2022-ലും നടന്ന ഉച്ചകോടിയുടെ മൂന്നാം പതിപ്പായിരുന്നപ ഈ വര്‍ഷത്തേത്. 150 ഓളം സെഷനുകളിലായി വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള 400-ലധികം പ്രഭാഷകര്‍ സംസാരിച്ചു. 20,000 പ്രതിനിധികള്‍ നേരിട്ട് ഉച്ചകോടിക്കെത്തി. സൗദി അറേബ്യയില്‍ നടന്ന ഉച്ചകോടി എ.ഐ മേഖലയില്‍ സമൂല മാറ്റത്തിന് നാന്ദി കുറിക്കുമെന്ന്് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. രാജ്യത്ത് നടപ്പാക്കിയ നിര്‍മിതബുദ്ധിയുടെ നേട്ടങ്ങളും ഇനി വരാനിരിക്കുന്ന പദ്ധതികളും വിദഗ്ധര്‍ വിശദീകരിച്ചു. രാജ്യത്തിന്റെ അതിവേഗവും ഗുണപരവുമായ വളര്‍ച്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന പങ്ക് ചെറുതല്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. നിരവധി കമ്പനികള്‍ എ.ഐ സേവന കരാറുകളില്‍ ഒപ്പുവെച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വിവിധ ഷോകളും വേദിയില്‍ അരങ്ങേറി. ഉച്ചകോടിയിലെത്തുന്നവര്‍ക്ക് ഉല്ലാസവും ഉത്സാഹവും പകരാന്‍ സംഗീതപരിപാടികളും എ.ഐ ഉപയോഗിച്ചുള്ള വിസ്മയക്കാഴ്ചകളും ഒരുക്കിയിരുന്നു. അറബിക് ഖഹ്വ പകരുന്ന റോബോട്ടും അതിഥികള്‍ക്ക് മോജിറ്റോ ഉണ്ടാക്കി നല്‍കുന്ന എ.ഐ നിര്‍മിത സംവിധാനവുമെല്ലാം സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി. രാജ്യത്തെ ടെക്‌നോ കമ്പനികളുടെ സ്റ്റാളുകളും സര്‍ക്കാര്‍ സേവനങ്ങളുടെ പ്രത്യേക ബൂത്തുകളും ഉച്ചകോടി നഗരിയിലുണ്ടായിരുന്നു.