Kerala

സ്വകാര്യവീഡിയോ പെണ്‍കുട്ടിയുടെ അച്ഛനയച്ചു; 19-കാരന്‍ പിടിയില്‍

കടുത്തുരുത്തി: പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരം തീര്‍ക്കാന്‍, ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും അച്ഛന് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. വെള്ളിലാപ്പള്ളി പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19) വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് സ്വകാര്യവീഡിയോയും ഫോട്ടോയും അയച്ചത്. ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്നരീതിയില്‍ പലദിവസങ്ങളിലും രാത്രിയാണ് ചിത്രങ്ങള്‍ അയച്ചത്. വിദേശനമ്പരുകളില്‍നിന്നടക്കം ഫോണ്‍ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാന്‍ നിര്‍ദേശിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ ജോബിന്‍ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിദേശത്തേക്ക് അയച്ചതാണെന്ന് വിശ്വസിച്ച ജോബിന്‍, ഇതിന് പ്രതികാരംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ്വേര്‍ ടെക്നീഷ്യനായ ജോബിന്‍, യുട്യൂബിലൂടെ ഹാക്കിങ് പഠിച്ചു.

തുടര്‍ന്ന്, സ്വന്തം ഫോണില്‍ വെര്‍ച്വല്‍ ഫോണ്‍ സൃഷ്ടിച്ചതായി പോലീസ് പറയുന്നു. തുടര്‍ന്ന് ഓരോ നമ്പരുകള്‍ ഇന്റര്‍നെറ്റില്‍നിന്നും സ്വന്തമാക്കിയശേഷം ഇതില്‍ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പെണ്‍കുട്ടിയുടെ അച്ഛന് വീഡിയോയും, ചിത്രങ്ങളും അയച്ചുകൊടുക്കുകയായിരുന്നു.

പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു. കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്. റെനീഷ്, സീനിയര്‍ സി.പി.ഒ. മനോജ് പി.യു., സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ജോര്‍ജ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

LEAVE A RESPONSE

Your email address will not be published. Required fields are marked *