Kerala

‘അന്‍വറിനു പിന്നില്‍ അന്‍വര്‍ മാത്രം’; എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് ഗോവിന്ദൻ

പാലക്കാട്: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ലോക്സഭാ തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്നും ഗോവിന്ദൻ പാലക്കാട്ട് പറഞ്ഞു.

അൻവറിനു പിന്നിൽ സിപിഎമ്മുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. അൻവറിന് പിന്നിൽ ആരുമില്ല, അൻവർ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പരാതികളില്‍ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതില്‍ ഒരു അട്ടിമറിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ്. കേരളത്തിൽ ബിജെപിക്ക് എംഎൽഎയെയും എംപിയെയും നൽകിയത് കോൺഗ്രസാണ്. തൃശൂരിലെ കോൺഗ്രസ് തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകും. കരുണാകരൻ്റെയും ആൻ്റണിയുടെയും മക്കൾ പോയത് കണ്ടതാണല്ലോ.. കോൺഗ്രസ് എം.പി ബിജെപിയിലേക്കു പോകുമെന്ന വാർത്ത ഗൗരവതരമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

LEAVE A RESPONSE

Your email address will not be published. Required fields are marked *