കൊച്ചി: തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു.
എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിൻ പോളിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണു കേസ്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. നിർമാതാവ് എ.കെ. സുനിലിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ.കെ. സുനിലാണ് രണ്ടാം പ്രതി. കുട്ടൻ , ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്.