BREAKING NEWS Kerala

പോരാട്ടം അവസാനിപ്പിച്ച് പി.വി അൻവർ, ആർ അജിത് കുമാറിനെ മാറ്റണമെന്ന അഭിപ്രായമില്ലെന്ന് അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പോരാട്ടം അവസാനിപ്പിച്ച് പി.വി അൻവർ എംഎൽഎ. എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന അഭിപ്രായമില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാ വിഷയങ്ങളും ധരിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു കൂടി പരാതി നൽകിയാൽ തന്റെ എല്ലാ ഉത്തരവാദിത്തവും തീർന്നെന്നും അൻവർ പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. കാര്യങ്ങൾ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. മുഖ്യമന്ത്രി എല്ലാം സശ്രദ്ധം കേട്ടു. മുഴുവൻ വിശദീകരണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇനി ഇക്കാര്യങ്ങളിൽ സത്യസന്ധമായ അന്വേഷണം നടക്കും. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കു നൽകിയ അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നൽകുമെന്നും അൻവർ അറിയിച്ചു.

”സഖാവ് എന്ന നിലയ്ക്കാണ് ഞാൻ ഈ വിഷയത്തിലേക്കിറങ്ങിയത്. സഖാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. പാർട്ടി സെക്രട്ടറിക്കു കൂടി പരാതി നൽകുന്നതോടുകൂടി എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുക മാത്രമാണ് ഇനി എന്റെ ഉത്തരവാദിത്തം. അത് ഞാൻ ഏറ്റെടുത്തിരിക്കുകയാണ്.”

എം.ആർ അജിത് കുമാറിനെ മാറ്റിനിർത്തണമെന്ന് പറയുന്ന ആളല്ല ഞാൻ. അജിത്തിനെ മാറ്റി നിർത്തണമോ വേണ്ടയോ എന്ന് പാർട്ടിയും സർക്കാരും തീരുമാനിക്കട്ടെ. ആരെ മാറ്റിനിർത്തണമെന്ന് പാർട്ടി സംവിധാനവും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. അതു താൻ കാത്തിരിക്കുകയാണെന്നും പിവി അൻവർ അറിയിച്ചു.

LEAVE A RESPONSE

Your email address will not be published. Required fields are marked *