യാത്രക്കാരെ കാര്യമായി ബാധിക്കുന്ന ലഗേജ് നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. അംഗ രാജ്യങ്ങളിലെ എല്ലാ എയർലൈനുകളിലെയും ലഗേജ് നിയമം ഏകീകരിക്കാനുള്ള മാറ്റങ്ങൾ മൊബിലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറേറ്റ്-ജനറൽ അവതരിപ്പിച്ചു. ഇതോടെ സഞ്ചരിക്കുന്ന എയർലൈൻ പരിഗണിക്കാതെ ലഗേജിന്റെ വലുപ്പം, തൂക്കം, ദ്രാവക രൂപത്തിലുള്ളവ എകീകൃതമാക്കി.
യാത്രക്കാർക്ക് കയ്യിൽ കൊണ്ടുപോകാവുന്നവയായി ഒരു കാരി ഓൺ ബാഗും ഒരു ചെറിയ പേഴ്സ്, ലാപ്ടോപ്, ബാക്ക്പാക്ക് പോലുള്ളവയോ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇവ സീറ്റിന് താഴെ ഒതുങ്ങുന്നതുമാകണം. ക്യാരി ഓൺ ബാഗിൽ 10 കിലോ വരെ അനുവദിക്കും. ക്യാരി ഓൺ ബാഗിൻറെ അളവ് 55*40*20 ൽ കൂടാൻ പാടില്ല. 40*30*15 അളവിലായിരിക്കണം ലാപ്ടോപ് ബാഗിൻറെ അളവ്.
യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ദ്രാവക രൂപത്തിലുള്ള വസ്തുക്കളുടെ അളവ് 100 മില്ലി ലിറ്ററിൽ കൂടാൻ പാടില്ല. സുരക്ഷ പരിശോധനാ സമയത്ത് ഇവ സുതാര്യമായ കവറിൽ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ക്രീമുകൾ, ഹെയർ ജെൽ, ഹെയർസ്പ്രേ, ലിപ് ഗ്ലോസ്സ്, സൺ സ്‌ക്രീൻ ഉൾപ്പെടെയുള്ള ലോഷനുകൾ, മസ്കാര, എണ്ണ,
സുഗന്ധദ്രവ്യങ്ങൾ, ഷേവിംഗ് ഫോം, ഷവർ ജെൽ, ടൂത്ത് പേസ്റ്റ് എന്നിവയാണ് ദ്രാവക രൂപത്തിലുള്ളവയായി കാണക്കാക്കിയിട്ടുള്ളത്.
2006-ൽ ശീതളപാനീയങ്ങളുടെ രൂപത്തിൽ ദ്രാവക സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിയമം കൊണ്ടുവന്നത്. മരുന്നുകൾ, പ്രത്യേക ഭക്ഷണങ്ങൾ, കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ഇളവുകളുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.