Blog

മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വം: പാർവതി


ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (എഎംഎംഎ) പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വമായിരുന്നെന്ന് നടിയും വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പ്രവർത്തകയുമായ പാർവതി തിരുവോത്ത്.

മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. സംഘടനയിൽ നിന്നുള്ള കൂട്ടരാജിയെ കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ എന്തൊരു ഭീരുത്വം എന്നായിരുന്നു എനിക്ക് ആദ്യം തോന്നിയത്. മാധ്യമങ്ങളോട് സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ള സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് എത്ര ഭീരുത്വമാണ്. അത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. ഇവിടെ ചർച്ചകളും സംഭാഷണങ്ങളും സംവാദങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യത വീണ്ടും സ്ത്രീകളിലേക്ക് എത്തിയിരിക്കുകയാണ്, എന്നും പാർവതി പറഞ്ഞു.

സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ടവരോടും ചേർന്ന് ഒരു വഴി കണ്ടെത്താനെങ്കിലും അവര്‍‌ ശ്രമിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നും പാർവതി പറഞ്ഞു. “2017 ലെ ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയെ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ തിരികെ സ്വാഗതം ചെയ്തത് ഇതേ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. തങ്ങൾക്കെതിരായ ആരോപണങ്ങൾ പുറത്തുവരുന്നതുവരെ ഇതൊന്നും യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ടതും ഇതേ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്,” പാർവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിൽ നിന്നുണ്ടായ പ്രതികരണത്തിന് എതിരെയും പാർവതി സംസാരിച്ചു. “സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ എഫ്‌ഐആർ ഫയൽ ചെയ്ത് പേരുകൾ പറഞ്ഞാൽ മതിയാകും’ എന്ന തരത്തിലുള്ള പ്രസ്താവനകൾ സർക്കാർ നടത്തിയത് അലംഭാവത്തോടെയായിരുന്നു.

LEAVE A RESPONSE

Your email address will not be published. Required fields are marked *